
കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് (തിങ്കളാഴ്ച) അവസാനിക്കും. രാവിലെ 11 മുതൽ വൈകിട്ട് 3 വരെയാണ് വരണാധികാരികൾക്ക് മുൻപാകെ പത്രിക സമർപ്പിക്കാവുന്നത്. നാളെ (ചൊവ്വ) രാവിലെ 11-ന് പത്രികകളുടെ സൂക്ഷ്മപരിശോധന ആരംഭിക്കും. പത്രിക പിൻവലിക്കാൻ മാർച്ച് 26 വൈകിട്ട് 3 മണി വരെ സമയമുണ്ട്. അതിനുശേഷം അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടും. പത്രികാ സമർപ്പണം പൂർത്തിയാകുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ശക്തമാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം പര്യടനം ഇന്ന് പത്തനംതിട്ടയിൽ നിന്ന് ആരംഭിക്കും. ഏപ്രിൽ 3 വരെ നീണ്ടുനിൽക്കുന്ന പര്യടനത്തിൽ സംസ്ഥാനത്തെ 48 കേന്ദ്രങ്ങളിൽ അദ്ദേഹം പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും. പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് തുടങ്ങി നിരവധി ദേശീയ നേതാക്കളും വരും ദിവസങ്ങളിൽ പ്രചാരണത്തിന്റെ ഭാഗമാകും.