
മൈസൂരിന് സമീപം ചന്നപ്പട്ടണയിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് മരണപ്പെട്ടത്. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ ട്രാവൽസിന്റെ സ്ലീപ്പർ ബസ് പുലർച്ചെ മൂന്ന് മണിയോടെ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ബസിന്റെ മുൻവശം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.